എന്റെ സ്വപ്ന ലോകത്തേക്കൊരു മടങ്ങിപ്പോക്ക്
ഇത്രയും നാള് ഞാന്‍ ശീലിച്ചത് ഇതാണോ?
മൈമൂനത്ത്, സുലേഖ, ടോണി, മെറ്റില്‍ഡ, മേബ്ള്‍, വിദ്യ… ഇതൊക്കെ എന്റെ ബാല്യകാല സുഹൃത്തുക്കളുടെ പേരുകളാണ്. (ഇന്നും ഇവരില്‍ പലരുമായി ചങ്ങാത്തം ഉണ്ട്.) എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഏഴു വര്‍ഷങ്ങള്‍ ഇവരോടൊപ്പമായിരുന്നു. – എന്റെ ബാല്യം. ത്രേസ്സ്യ സിസ്റ്ററും, പൗലോസ് വൈദ്യരും, ഖാദര്‍ക്കയും , വാസുവേട്ടനും, ദേവു ഏട്ടത്തിയും, കതീസ്താത്തയും ഒന്നുമില്ലാതെ എനിക്കെന്റെ ബാല്യ കാലത്തിന്റെ ഓര്‍മ്മകള്‍ പൊടി തട്ടി എടുക്കാനാവില്ലല്ലോ?
കഞ്ഞീം കറീം വച്ചും, തൊട്ടു കളിച്ചും, ഒളിച്ചു കളിച്ചും, ഊഞ്ഞാലാടിയും ഞങ്ങള്‍ കൂട്ടുകാര്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നു. ചിലപ്പോള്‍ ഉറക്കം തന്നെ സുലേഖതാത്തയുടെ വീട്ടിലോ , മേബ്ള്‍ ന്റെ വീട്ടിലോ ആയിരിക്കും. ഓണവും, വിഷുവും, ക്രിസ്മസ്സും, പെരുന്നാളും ഒക്കെ ഞങ്ങള്‍ ഒന്നിച്ചാഘോഷിച്ചു. ഓണത്തിന് പൂപ്പറിക്കാന്‍ ഞങ്ങള്‍ ഒന്നിച്ചു പോയി. വിഷുവിനു എന്റെ വീട്ടിന്റെ മുറ്റത്ത് ഞങ്ങള്‍ പടക്കം പൊട്ടിച്ചു. ക്രിസ്മസ് കരോളുകാര് എല്ലാ വീടുകളിലും കയറിയിറങ്ങി. കരോളിന്റെ മുമ്പില്‍ തന്നെ റസാക്കാക്ക സ്ഥാനം പിടിച്ചിരിക്കും. കരോള്കാര്ക്കൊപ്പം പൗലോസ് വൈദ്യരുടെ കൈയും പിടിച്ചു മേബ്ള്‍ എന്റെ വീട്ടില്‍ വരും. “merry christmas” ആശംസിച്ചു കരോള്‍ സംഘം റോഡിനു മറുവശത്തെ ഖാദര്കാക്കയുടെ വീട്ടിലേക്കു പോകുമ്പോള്‍ ഞാനും മേബ്ളും പിന്നാലെ ഓടും. കരോള്‍ പോയി ക്കഴിഞ്ഞാല്‍ ഖാദര്കാക്കയുടെ മകന് സിദ്ദിക്കാക്ക എന്നെയും മേബ്ള്‍ നെയും കൈ പിടിച്ചു റോഡ് കടത്തി സുരക്ഷിതമായി വീട്ടിലെത്തിക്കും. ആരും കണ്ടാല്‍ ഒന്നെടുക്കാന്‍ തോന്നുന്ന വിധത്തിലുള്ള ഓമനത്തം തുളുമ്പുന്ന എന്റെ അനിയന് കുട്ടിയുടെ ഒരു മുത്തം വാങ്ങാന്‍ പോകുമ്പോള്‍ സിദ്ദിക്കാക്ക മറക്കാറില്ല. വ്രതശുദ്ധിയുടെ വൃശ്ചികക്കാലങ്ങളില് ശരണം വിളികളോടെ ആ നാട്ടുകാര്‍ ശബരിമലക്കു പോയിരുന്നത് സുബേര്ക്കാക്കാന്റെ ജീപ്പില്‍ ആയിരുന്നു. തിരുവണ്ണൂരപ്പന്റെ അമ്പലത്തിലെ ഉത്സവത്തിനു ഗാനമേളക്കൊപ്പം സുബേര്ക്ക പാടിയിരുന്നത് ഇന്നും ആ ഗ്രാമക്കാര്‍ മറക്കാനിടയില്ല. പെരുന്നാള്‍ക്കാലം ഞങ്ങള്‍ക്ക് ഉത്സവ കാലം തന്നെയായിരുന്നു. ഒരു മാസത്തെ ഭക്ഷണം ഞങ്ങള്‍ക്ക് കുശാലാണ്. നോമ്പ് മുറിക്കാന്‍ മിക്ക ദിവസങ്ങളിലും വാനരപ്പട മുഴുവന്‍ ഖാദര്ക്കാക്കാന്റെ വീട്ടിലുണ്ടാകും.
അന്ന് ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്കിടയ്ക്ക് വന്നിരുന്ന അതിഥികളില്‍ പ്രധാനികളായിരുന്നു ജോയ് അങ്കിളും കുടുംബവും. എന്റെ അച്ഛന് photography യോടുള്ള കമ്പം കൂടിയത് അങ്കിള്‍ കാരണമാണ്. അന്നത്തെ സന്തുഷ്ടമായ ജീവിതം ഇടയ്ക്കിടയ്ക്ക് ജോയ് അങ്കിള്‍ ക്യാമറയില്‍ പകര്‍ത്തി. ഇന്നും എന്റെ പഴയ കാലങ്ങളിലേക്കുള്ള തിരിച്ച് പോക്ക് അങ്കിള്‍ പകര്‍ത്തിയ ഫോട്ടോകളിലൂടെയാണ്. അങ്കിള്‍ന്റെ മക്കള്‍ ഡിന്നിമോളുടെയും, ഡിനോക്കുട്ടന്റെയും കൂടെ ഈ അഞ്ചു വയസ്സുകാരി കുറുമ്പി ഒരിക്കല്‍ പള്ളിയില്‍ കുറുബാനക്ക് പോയതും, വൈകിയത് കൊണ്ട് അവര്‍ എന്നെ വിട്ടു മുമ്പിലേക്ക് പോയപ്പോള്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ കുറുബാന സ്വീകരിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ വരിയില്‍ നിന്ന് പള്ളിയിലെ അച്ഛന്റെ മുമ്പില്‍ പോയി വായ പൊളിച്ചു നിന്നതും, അത് കണ്ടു അച്ഛന് അന്ധാളിച്ചു നിന്നതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു.
അച്ഛന്റെ ഏഴു വര്‍ഷത്തെ rural service ന് ശേഷം ഞങ്ങള്‍ ആ ഗ്രാമം വിട്ടു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണതറിഞ്ഞില്ല. പഠിത്തം, ജോലി , വിവാഹം .. അങ്ങനെ ഇന്ന് ഞാന്‍ മദ്ധ്യ വയസ്സിലേക്ക് കാലൂന്നി നില്ക്കുന്നു.
ഇന്ന് സാധാരണ ജനത്തിന് സ്വതന്ത്രമായി എഴുതാനും, അഭിപ്രായങ്ങള്‍ പറയാനും, എല്ലാ അവസരങ്ങളും ബ്ലോഗിന്റെ ലോകം ഒരുക്കുമ്പോള്‍, മതം സൃഷ്ടിച്ച വിഭാഗീയ ചിന്തകള്‍ ഞാനീ ലോകത്ത് തെളിഞ്ഞു കാണുന്നു. ആ കാഴ്ചകളെന്നെ തളര്‍ത്തുന്നു. നിസ്സഹായതയോടെ മാറി നില്‍ക്കാനേ എനിക്ക് പലപ്പോഴും കഴിയാറുള്ളൂ..
ഭൂമി ഉരുണ്ടതാണല്ലോ. ഇന്നും പല യാത്രകളിലും എനിക്കെന്റെ ബാല്യം ചിലവഴിച്ച ഗ്രാമത്തിലൂടെ കടന്നു പോകാന്‍ അവസരം കിട്ടാറുണ്ട്. പണ്ട് ഞങ്ങള്‍ വിറ്റിട്ട് പോയ വീട്ടിന്റെ മുമ്പില്‍ വണ്ടി എത്തുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ്. അവിടെ വണ്ടി നിര്‍ത്തി പൗലോസ് വൈദ്യരെയും, ഖാദര്ക്കാനെയും, ദേവു ഏടത്തിയെയും ഒക്കെ കണ്ടിട്ടേ ഞങ്ങള്‍ യാത്ര തുടരാരുള്ളൂ… ചുറ്റും കാണുന്ന മത വിഭാഗീയതക്ക് നടുവില്‍ നഷ്ടപ്പെട്ടു പോകുന്ന എന്റെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ ഈ ഗ്രാമത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം മതിയെനിക്ക്.