ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍..

സ്കൂളില്‍ പഠിക്കുന്ന കാലത്തെ എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്നാണ് മുടിവെട്ടാന്‍ പോക്ക്. ഞാന്‍ താമസിക്കുന്ന വടകര ടൌണില്‍ നിന്നും 5 കി.മി. ദൂരെയുള്ള അച്ഛന്റെ തറവാട് വീടിനടുത്തുള്ള രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലാണ് അന്ന് സ്ഥിരമായി മുടി വെട്ടിച്ചു കൊണ്ടിരുന്നത്. ഇത്രയും ദൂരം പോകാന്‍ കാരണം മറ്റൊന്നുമല്ല. ഒന്ന്, രാഘവേട്ടന്റെ കടയില്‍ ചെന്നാല്‍ എല്ലാം എനിക്ക് പരിചിതമാണ്. എങ്ങെനെ മുടിവെട്ടണം എന്നതിനെ കുറിച്ച് നമ്മള്‍ ടെന്‍ഷന്‍ അടിക്കണ്ട. ഒക്കെ പുള്ളി ചെയ്തു കൊള്ളും. മറ്റൊന്ന്, അവിടെ വരെ എനിക്ക് സൈക്കിള്‍ ഓട്ടാം എന്നത് തന്നെ. അതിന് ശേഷം തറവാട്ടില്‍ പോകാം, വേണമെങ്കില്‍ അവിടെ തങ്ങാം.

രാഘവേട്ടന്‍ എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ്. പുള്ളിയെ ഞാന്‍ എന്റെ 2-3 കഥകളില്‍ ക്യാരക്ടര്‍ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ആ ഓര്‍മ്മകള്‍ അത്ര പെട്ടന്നൊന്നും വിട്ടു പോകില്ല. രാഘവേട്ടന്‍ ആയിരുന്നു കുരിക്കിലാടിന്റെ ആസ്ഥാന ബാര്‍ബര്‍. ഇന്നും അതിനു മാറ്റമൊന്നുമില്ല. എന്റെ അച്ഛാച്ഛനും ഇളയച്ഛന്മാരും മുതല്‍ ഞങ്ങളുടെ കുടും‌ബത്തിലെ ഇളം തലമുറക്കാര്‍ വരെ അവിടെയായിരുന്നു ഒരു കാലത്ത് മുടിവെട്ടിച്ചിരുന്നത്. പുള്ളിയുടെ കടയ്ക്ക് ഒരിക്കലും പേരിട്ടിരുന്നില്ല. “ഏട്ന്നാടോ മുടിവെട്ടിച്ചെ” എന്നു ചോദിച്ചാല്‍ “രാഘവന്റെ ബാര്‍ബര്‍ ഷാപ്പില്‍” എന്നല്ലാതെ, അന്ന് ആരും പറയില്ല.

കുരിക്കിലാട് ഗ്രാമകേന്ദ്രത്തില്‍ വായനശാലയുടെ അടുത്തായി ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പ്. തൊട്ടടുത്ത് അനന്തേട്ടന്റെ വളം കടയും അപ്പുറത്ത് വാസുവിന്റെ ചായപ്പീടികയും. കൂട്ടത്തില്‍ ആ ചെറിയ വരാന്തയില്‍ കേളുവേട്ടന്റെ തുന്നല്‍ മെഷീനും. കെട്ടിടത്തിനെ അങ്ങേയറ്റം പോസ്റ്റാപ്പീസ്സ് ആണ്. കുരിക്കിലാട് പി. ഓ. 673104.

അന്ന് ആകെയുള്ള ഹെയര്‍ സ്റ്റയിലുകള്‍ ക്രോപ്പും, ബച്ചന്‍ കട്ടുമാണ്. ക്രോപ്പ് എന്നാല്‍ സാധാരണയിലും വലുതായ നമ്മുടെ മുടി നന്നെ പറ്റെയായി വെട്ടിച്ചു തരും പുള്ളി. ബച്ചന്‍ കട്ട് എന്നാല്‍ പഴയ അമിതാഭ് ബച്ചന്‍ സിനിമകളിലെ പോലെ ചെവി മൂടികൊണ്ട് വെട്ടി തരും. അച്ഛന്റെ തല്ല് പേടിച്ച് ഞാനൊരിക്കലും ബച്ചന്‍ കട്ട് ചെയ്തിട്ടില്ല. ട്രിമ്മറും മെഷീന്‍ കട്ടുമൊന്നും അന്നൊന്നും വന്നിട്ടെയില്ല. എല്ലാ രസങ്ങളുമുള്ള ഒരു തനി നാടന്‍ ബാര്‍ബര്‍ ഷാപ്പ്. അവിടെ ചില സമയങ്ങളില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. രാഷ്ട്രീയം, സിനിമ, കുരിക്കിലാട് നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ എന്നങ്ങിനെ എന്തെല്ലാം. വിഷയദാരിദ്ര്യം എന്ന ഒന്ന് ഉണ്ടായിരുന്നതേയില്ല എന്ന് വേണം പറയാന്‍. അവിടെ എല്ലാര്‍ക്കും എല്ലാരെയും അറിയാമായിരുന്നു. ഇതൊക്കെ തന്നെയാണ് എന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാനും പ്രേരിപ്പിച്ചിരുന്നത്.

പത്താം ക്ലാസ് വരെയെ നീണ്ടുള്ളൂ അവിടത്തെ മുടിവെട്ട്. പിന്നെ പഠിപ്പിനനുസരിച്ച് അതാത് സ്ഥലങ്ങളില്‍ നിന്നായി അത്. തൃശൂരില്‍ പഠിക്കുമ്പോഴാണ് ആദ്യമായും അവസാനമായും തല മൊട്ടയടിച്ചത്. ഞങ്ങള്‍ മൂന്നു പേര്‍, ബാബുരാജ്, സന്ദീപ് ഞാന്‍ എന്നിവരാണ് അന്ന് ആ സാഹസത്തിനു മുതിര്‍ന്നത്. അതിന് അമ്മയുടെ അടുത്ത് നിന്ന് കണക്കിന് ചീത്തയും കേട്ടു. പിന്നെ തിരിച്ച് വടകരയില്‍ വന്ന ശേഷം വീണ്ടും എപ്പൊഴോ രാഘവേട്ടനെ അടുത്ത് പോയി. അപ്പോഴേക്കും അച്ഛാച്ഛന്‍ മരിച്ചിരുന്നു. അച്ഛമ്മ ഞങ്ങളുടെ കൂടെ ടൌണിലേക്കും മാറി. പിന്നെ പിന്നെ ജോലിത്തിരക്കു കാരണം മിക്കവാറും വടകരയില്‍ നിന്നാക്കി മുടിവെട്ട്.

ബിന്ദു ഹെയര്‍ സലൂണ്‍. കോണ്‍‌വെന്റ് റോഡില്‍ ഗിഫ്റ്റ് ഹൌസിനടുത്തായിട്ടാണ് ആ ബാര്‍ബര്‍ ഷാപ്പ്. അവിടുത്തെ ആളെ ഞാന്‍ ഒരിക്കലും പരിചയപ്പെട്ടിട്ടില്ല. ആളുകള്‍ മാറി മാറി കൊണ്ടിരുന്നു. എന്നാലും താടിയുള്ള ഒരാള്‍ സ്ഥിരമായി ഉണ്ടായിരുന്നു. അയാളുടെതായിരിക്കും ബിന്ദു ഹെയര്‍ സലൂണ്‍ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

ഐ.ടി. ജോലി കിട്ടി ബോംബേയിലെത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്നായിരുന്നു മുടി എങ്ങനെ വെട്ടും എന്നത്. സഹപ്രവര്‍ത്തകനായ നിതിന്‍ എന്ന ഹിന്ദിക്കാരന്‍ പയ്യന്‍ ആണ് ബാര്‍ബര്‍ ഹിന്ദിയില്‍ “നായീ“ ആണെന്നും ബാര്‍ബര്‍ ഷാപ്പ് “നായി കി ദൂക്കാന്‍“ ആണെന്നും പറഞ്ഞു തന്നത്. ആ നല്ല മനസ്സിനു നന്ദി. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള ഗലിയില്‍ ഒരു ഇടുങ്ങിയ നായീ കി ദൂക്കാന്‍ ഞാന്‍ കണ്ടു പിടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളക്കുകളും ഒന്നിലധികം കണ്ണടിച്ചില്ലുകളുമുള്ള ഒരു ബോംബെ സ്റ്റയില്‍ ബാര്‍ബര്‍ ഷാപ്പ്. അറിയാവുന്ന മുറി ഹിന്ദിയില്‍ എങ്ങനെ വെട്ടണമെന്ന് അവനെ പറഞ്ഞ് പഠിപ്പിച്ചു. അയാള്‍ ഉഷാറായി വെട്ടിത്തന്നു.

മുടിവെട്ടൊക്കെ കഴിഞ്ഞ് അവന്‍ അവന്റെ കൈകള്‍ കൊണ്ട് എന്റെ തലയില്‍ കെടന്ന് എന്തൊക്കെയോ കാട്ടി കൂട്ടാന്‍ തുടങ്ങി. അവന്റെ നീണ്ട വിരലുകള്‍ കൊണ്ട് തലയില്‍ നല്ലവണ്ണം ഉഴിഞ്ഞു. പേടിച്ച ഞാന്‍ ഞെട്ടിയെണീറ്റു സംഭവം നിര്‍ത്തിച്ചു. മാലീശ് മാലീശ് എന്ന് എന്തൊക്കെയോ അവന്‍ പറഞ്ഞെങ്കിലും കാശും കൊടുത്ത് ഞാന്‍ അവിടെ നിന്നിറങ്ങി. പിന്നീടവിടെ പോയില്ല. നിതിന്‍ തന്നെയാണ് മാലീശ് തല ഉഴിച്ചിലാണെന്നും അവിടങ്ങളില്‍ മുടിവെട്ടി കഴിഞ്ഞാല്‍ അതൊരു സാധാരണ സംഭവമാണെന്നും പറഞ്ഞു തന്നത്. എണ്ണയൊക്കെ ഒഴിച്ച് ചെയ്യുന്നത് നല്ല സുഖമുള്ള കാര്യമാണെന്നും അവന്‍ പറഞ്ഞു. എന്റെ തലയോട്ടി പോട്ടുമോ എന്നുള്ള പേടിയാല്‍ ഇന്നും ഞാന്‍ അതിനു നിന്നിട്ടില്ല. എന്തായാലും അതിനു ശേഷം മാലിശ് നഹി നഹി എന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടെ ഞാന്‍ കസേരയില്‍ കയറി ഇരിക്കുമായിരുന്നുള്ളൂ. ഇന്ന് ഇവിടെയും അതാവര്‍ത്തിക്കുന്നു.

വളരെ നാളുകള്‍ക്കു ശേഷം ഈയടുത്താണ് ഞാന്‍ വീണ്ടും ബിന്ദു ഹെയര്‍ സലൂണില്‍ പോയത്. ചെന്നു കയറിയപ്പോള്‍ രണ്ട് കസേരകളിലും ആളുകള്‍ ഉണ്ട്. മുടിവെട്ടുന്നയാള്‍ എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അയാളെയും കൂടെ നിന്ന് വെട്ടുന്ന ആളെ കണ്ടപ്പോഴെക്കും‌ എന്തോ ഒരു പന്തികേട് തോന്നി. അവര്‍ മലയാളികള്‍ ആണോ എന്ന് ഞാന്‍ സംശയിച്ചു. വേഷം ഇറുകിയ ഷര്‍ട്ടും ജീന്‍സുമായിരുന്നു. താടിയുള്ള ഓണര്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളെ ആ പരിസരത്തെങ്ങും കണ്ടില്ല.

ഒടുവില്‍ കാത്തിരുന്ന് എന്റെ ഊഴമായി. മുടിവെട്ടെണ്ടതെങ്ങനെയാണെന്ന് മലയാളത്തില്‍ പറഞ്ഞു കൊടുത്തപ്പോള്‍ അയാള്‍ അന്തം വിട്ടു നിന്നു. എന്നിട്ട് ചോദിച്ചു -“കൈസെ കാട്ട്നാ ഹെ സാബ്?”

ഇത്തവണ ഞെട്ടിയതും അന്തം വിട്ടതും ഞാനാണ്. കേരളത്തിലെ വടകര എന്ന ടൌണിലെ ഒരു ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടാന്‍ വന്നിരിക്കുന്നത് വടക്കേതോ സംസ്ഥാനത്തെ ഒരു മനുഷ്യന്‍. നമ്മുടെ നാട് മറ്റുള്ളവര്‍ക്ക് ഗള്‍ഫ് ആവുകയാണെന്ന സത്യം ഞാന്‍ മനസ്സിലാക്കി. മുമ്പ് കളമശ്ശേരിയില്‍ “ഇപ്പോള്‍ ഹിന്ദി മാത്രമേ കേള്‍കുന്നുവുള്ളു“ എന്നു അഭി പറഞ്ഞത് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴാണ് അത് അസംഭവ്യമല്ല എന്നു ഞാന്‍ മനസിലാക്കിയത്.

എന്തൊക്കെയായാല്ലും ഞാന്‍ എന്റെ മുറി ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതിനനുസരിച്ച് കക്ഷി നല്ല ക്ലീനായി മുടിവെട്ടി തന്നു. ഇട്യ്ക്കിടയ്ക്ക് അടുത്ത് നിന്ന് മുടിവെട്ടുന്നവനോട് ഹിന്ദിയില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്റെ മുടിവെട്ടല്‍ കഴിയാനായപ്പോള്‍ അടുത്ത കസേരയില്‍ ഒരു പ്രായം ചെന്ന മനുഷ്യന്‍ വന്നിരുന്നു. നല്ല വടേര* ഭാഷയില്‍ പുള്ളി താടി വടിക്കുന്നതിനേയും മുടിവെട്ടുന്നതിനേയും പറ്റി പറഞ്ഞ് കൊടുത്തു. മുടിവെട്ടുന്നവന്‍ എല്ലാം കേട്ട് തലയാട്ടി നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സിലായോ എന്തോ. ഒരു പക്ഷേ മനസ്സിലായിക്കാണണം. അല്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ. “മുടി പറ്റിച്ചാളാ” എന്നോ മറ്റോ അയാള്‍ പറഞ്ഞാല്‍, ഇനി അവന്‍ അറിയാകുന്ന മലയാളത്തില്‍ മുടിയെ എങ്ങനെയാ പറ്റിക്കുക എന്ന് ആലോച്ചിച്ചു നില്‍ക്കുന്നുണ്ടാകുമോ ആ പാവം?

*വടേര – വടകരയെ ഞങ്ങള്‍ വടകരക്കാര്‍ പറയുന്നത്.

Dhanush Gopinath is a software engineer and avid blogger  based in Bangalore.

His writing can be read on :

http://kiniyum-eeran-thushaaram.blogspot.com/

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s